കൊച്ചി ഇന്‍ഫോപാര്‍ക്ക് നാലാം ഘട്ടം വികസനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമെന്ന് മന്ത്രി അനൂപ് ജേക്കബ്. ഇക്കാര്യവുമായി ബന്ധപ്പെട്ടു വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചര്‍ച്ചയിലാണു ഈ ഉറപ്പ് ലഭിച്ചത്. പിറവം നിയോജക മണ്ഡലത്തിലെ ഇരുമ്പനത്തുള്ള ട്രാക്കോ കേബിള്‍ കമ്പനിയുടെ 33.5 ഏക്കര്‍ സ്ഥലം ഇന്‍ഫോപാര്‍ക്കിലേക്ക് മാറ്റിയെങ്കിലും പല തടസങ്ങള്‍ കാരണം പദ്ധതി ഇതുവരെ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
ട്രാക്കോ കേബിളിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറി കെട്ടിടങ്ങള്‍, ഓഫീസ് കെട്ടിടങ്ങള്‍, മറ്റ് ആസ്തികള്‍ എന്നിവ ഇപ്പോഴും വസ്തുവില്‍ അവശേഷിക്കുന്നതാണു പ്രധാന തടസം.
ഈ കെട്ടിടങ്ങളും ആസ്തികളും പൂര്‍ണ്ണമായും നീക്കം ചെയ്യുകയും മുഴുവന്‍ ഭൂമിയുടെയും ഒഴിഞ്ഞുകിടക്കുന്ന ഭൗതിക കൈവശം കൈമാറുകയും വേണം, മുമ്പ് നാലാംഘട്ട വികസനത്തിനായി നിര്‍ദ്ദിഷ്ട കമ്പനി ഡെവലപ്പര്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കാം.
ഇന്‍ഫോപാര്‍ക്കിലേക്ക് മാറ്റുന്ന ഭൂമിക്ക് ബാധകമായ തീരദേശമേഖല നിയന്ത്രണങ്ങളില്‍ നിന്ന് ആവശ്യമായ ഇളവു ലഭിക്കാനുള്ള നടപടി പൂര്‍ത്തിയായിട്ടില്ല. വികസിപ്പിക്കാവുന്ന പ്രദേശം നിര്‍ണ്ണയിക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും ഇതു പ്രധാനമാണ്.
നിര്‍ദ്ദിഷ്ട സഹ-ഡെവലപ്പര്‍ക്ക് ഭൂമി പാട്ടത്തിനു നല്‍കുമ്പോള്‍ ബാധകമായ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയില്‍ നിന്നുള്ള ഇളവു സംബന്ധിച്ച വിഷയം നികുതി വകുപ്പിന്‍െ്‌റ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
നാലാം ഘട്ടം ഒരു മിക്‌സഡ് ടൗണ്‍ഷിപ്പ് മോഡലായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. അത്യാധുനിക ഐടി സമുച്ചയങ്ങള്‍, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, വാണിജ്യ കെട്ടിടങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമെന്ന നിലയില്‍ കൊച്ചിയുടെയും സമീപപ്രദേശങ്ങളുടേയും വികസനം കൂടുതല്‍ ശക്തിപ്പെടാന്‍ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.







